ഭാവിയിൽ ആളുകൾ ഡ്രോണുകൾ വഴി സഞ്ചരിക്കുന്നത് കാണും; നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഭാവിയിൽ ആളുകൾ ഡ്രോണുകൾ വഴി സഞ്ചരിക്കുന്നത് കാണുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഡ്രോൺ സെക്ടറിന്റെ ഭാവി വളരെ ശോഭനമാണെന്നും അദ്ദേഹം അറിയിച്ചു. എഎആർ ഇൻഡ്മറിന്റെ എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) ഡിപ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബയോ ഏവിയേഷൻ ഇന്ധനവും ഉടൻ വിപണിയിലെത്തും. വരും കാലങ്ങളിൽ ഡ്രോണുകൾ വളരെയധികം വികസിപ്പിക്കും. നാല് പേർക്ക് നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഡ്രോണുകൾ വഴി യാത്ര ചെയ്യാം. തന്റെ പഞ്ചസാര ഫാക്ടറിയിൽ ബയോ ഏവിയേഷൻ ഇന്ധനത്തിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അരിയിൽ നിന്ന് ബയോ ഏവിയേഷൻ ഇന്ധനം ഉണ്ടാക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

വ്യോമയാന വ്യവസായത്തിന് മാത്രമല്ല കർഷകർക്കും ഈ പരീക്ഷണം വിജയിച്ചാൽ ഏറെ പ്രയോജനം ലഭിക്കും. 2026 ഓടെ എടിഎഫിൽ ബയോ ഏവിയേഷൻ ഇന്ധനം നിർബന്ധമായും ഉപയോഗിക്കും. വെക്കോലിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കാനുള്ള ഇന്ത്യൻ ഓയിലിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.