ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ ആരംഭിച്ചു. മണിപ്പൂരിലെ തൗബാലിൽ നിന്നാണ് യാത്ര ആരംഭിച്ചത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.
പ്രത്യേക ഇൻഡിഗോ വിമാനത്തിലാണ് രാഹുൽ ഗാന്ധി മണിപ്പുരിലെ ഇംഫാലിലെത്തിയത്. തൗബാലിലെ ഖാൻജോം യുദ്ധസ്മാരകത്തിൽ എത്തി രാഹുലും നേതാക്കളും പുഷ്പാർച്ചന നടത്തിയിരുന്നു. ‘ഇന്ത്യ’ മുന്നണിയിലെ പാർട്ടികളുടെ നേതാക്കളും ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. സിപിഐ, സിപിഎം, ജെഡി(യു), എഎപി, തൃണമൂൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്, ശിവസേന (ഉദ്ധവ് വിഭാഗം), എൻസിപി തുടങ്ങിയ പാർട്ടികളിലെ നേതാക്കളാണ് ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പങ്കാളികളായത്.
മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടാൻ വൈകിയതിനാൽ ഫ്‌ളാഗ് ഓഫ് ചടങ്ങും വൈകിയിരുന്നു. രാഹുലിനൊപ്പം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുഖ്വിന്ദർസിങ് സുഖു, പ്രവർത്തക സമിതിയംഗങ്ങൾ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവരടക്കം കോൺഗ്രസിന്റെ നേതൃനിര ഒന്നടങ്കം യാത്രയിൽ അണിനിരക്കുന്നുണ്ട്. സോണിയ ഗാന്ധി സുരക്ഷാ കാരണങ്ങളാൽ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

