പാലക്കാട്: മാതാപിതാക്കൾ മരിച്ചു പോയ പാലക്കാട്ടെ കുട്ടികൾ സൂര്യക്കും ആര്യയ്ക്കും സഹായ ഹസ്തവുമായി സുരേഷ് ഗോപി. കുട്ടികളുടെ ഭവന വായ്പ ബാധ്യത ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. 260000 രൂപ ബാങ്കിന് കൈമാറുമെന്നും സുരേഷ് ഗോപി അറിയിച്ചു. അനാഥരായ കുട്ടികൾ ഭവന വായ്പ എങ്ങനെ അടച്ചു തീർക്കുമെന്നതിന്റെ അങ്കലാപ്പിലായിരുന്നു. കുട്ടികളുടെ അവസ്ഥയെക്കുറിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി കുട്ടികൾക്ക് സഹായവുമായി രംഗത്തെത്തിയത്.
പാലക്കാട് ഭൂപണയ ബാങ്കിൽ നിന്ന് തുടർച്ചയായി നോട്ടീസ് ലഭിച്ചതോടെയാണ് കോങ്ങാട് സ്വദേശികളായ സൂര്യ കൃഷ്ണയും, ആര്യ കൃഷ്ണയും വീട് വിട്ട് ഇറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലായത്. 2018ൽ കോങ്ങാട് നായാടിക്കുന്നിലെ സ്ഥലത്ത് കൂലിപ്പണിക്കാരനായ കൃഷ്ണൻകുട്ടി പഞ്ചായത്തിൽ നിന്ന് കിട്ടിയ 2 ലക്ഷം രൂപ കൊണ്ടാണ് വീട് വെച്ചത്. ബാക്കി രണ്ടു ലക്ഷം രൂപ പാലക്കാട് ഭൂപണയ ബാങ്കിൽ നിന്ന് കടമെടുത്തു. എന്നാൽ, വീട് പണി തീരും മുമ്പേ കൃഷ്ണൻകുട്ടി അർബുദ ബാധയെ തുടർന്ന് മരിച്ചു. ഹോട്ടൽ ജോലിക്ക് പോയി മക്കളെ വളർത്തിയ അമ്മയും മൂന്ന് വർഷം മുൻപ് മരണപ്പെട്ടു.
ഇതോടെ കുട്ടികൾ അനാഥരായി. അടുത്ത ബന്ധുക്കളാന്നും കുട്ടികളെ ഏറ്റെടുക്കാനും തയ്യാറായില്ല. തുടർന്ന് കുട്ടികൾ കൂലിപണിക്കാരായ അയൽക്കാരുടെ സംരക്ഷണയിലാണ് കഴിഞ്ഞു വന്നിരുന്നത്. കുട്ടികളുടെ സ്‌കൂളിന്റെ സഹായത്തോടെയാണ് വീട് പണി പൂർത്തിയാക്കിയത്. പലിശയടക്കം 4 ലക്ഷത്തിലധികമാണ് ബാങ്കിലെ കടം. ജീവിതം വഴിമുട്ടിയെന്നോർത്ത് ആകെ വിഷമത്തിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് സുരേഷ് ഗോപിയുടെ സഹായം വലിയ ആശ്വാസമായിരിക്കുകയാണ്.

