തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി വിവാദത്തിൽ കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ തീരുമാനിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി. നേരത്തേയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല, മറിച്ച് വിശാലമായ രാഷ്ട്രീയ നീക്കമാണെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. കടമെടുപ്പ് പരിധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് സംസ്ഥാന കമ്മിറ്റി സമഗ്രമായി അവലോകനം ചെയ്തു. സദസ്സ് വൻ വിജയമായിരുന്നെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് കമ്മിറ്റിയിൽ അവതരിപ്പിച്ചു. തുടർ നടപടികൾ ത്വരിതപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു.

