ലോകത്തെ ഏറ്റവും മികച്ച അരി; പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി

ന്യൂഡൽഹി: ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി. ജനപ്രിയ ഫുഡ് ആന്റ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് നടത്തുന്ന 2023-24 വർഷാവസാന അവാർഡുകളുടെ ഭാഗമായാണ് ബസുമതിയ്ക്ക് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നുള്ള അർബോറിയോ അരിയാണ് രണ്ടാം സ്ഥാനത്തുള്ളത്. പോർച്ചുഗലിൽ നിന്നുള്ള കരോലിനോ അരി മൂന്നാം സ്ഥാനവും നേടി.

സ്പെയിനിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള നെല്ലിനങ്ങളും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടിയിരിക്കുന്നത്. ഇന്ത്യയിലും പാക്കിസ്ഥാനിലും കൃഷി ചെയ്യുന്ന ഒരു നീണ്ടതരം അരിയാണ് ബസുമതി അരിയെന്ന് ടേസ്റ്റ് അറ്റ്‌ലസ് വ്യക്തമാക്കി. മറ്റ് അരികളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ സ്വാദും മണവുമാണ്. ഒട്ടിപ്പിടിക്കാത്ത തരത്തിലുള്ളതാണ് ഈ അരി. കറികളുടേയും സോസുകളുടേയെല്ലാം കൂടെ കഴിക്കാൻ നല്ലതുമാണ്. നീളമനുസരിച്ച് അരിയുടെ ഗുണനിലവാരവും കൂടും. നേരിയ സ്വർണനിറമാണ് ഇതിനുള്ളതെന്നും ടേസ്റ്റ് അറ്റ്‌ലസ് അറിയിച്ചു.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള മാംഗോ ലസ്സി ‘ലോകത്തിലെ ഏറ്റവും മികച്ച പാലുത്പ്പന്ന പാനീയം’ ആയി തിരഞ്ഞെടുക്കപ്പെട്ടതായി അടുത്തിടെ ടേസ്റ്റ്അറ്റ്‌ലസ് പ്രഖ്യാപിച്ചിരുന്നു.