അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ്; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക.

വനം വകുപ്പിന്റെ www.forest.kerala.gov.in സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി ബുക്ക് ചെയ്യാം. ട്രക്കിംഗ് സീസൺ 2024 ജനുവരി 24 ന് തുടങ്ങി മാർച്ച് 2 ന് അവസാനിക്കും. ‘ Service Plus’ എന്ന പോർട്ടൽ മുഖേന NIC ആണ് ടിക്കറ്റ് ബുക്കിങ് സംവിധാനം ക്രമീകരിച്ചിട്ടുളളത്

ട്രക്കിംഗ് ഫീസായി ഭക്ഷണം ഇല്ലാതെ ഒരു ദിവസം 2500 രൂപ അടയ്‌ക്കേണ്ടതാണ്. ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ ട്രക്കിംഗ് അനുവദിക്കൂ. 14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം. വിശദവിവരങ്ങൾക്ക് : വൈൽഡ് ലൈഫ് വാർഡൻ, തിരുവനന്തപുരം: 0471-2360762.