ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം സംബന്ധിച്ച വാർത്തകളും അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളും ലോകശ്രദ്ധ നേടിയിരുന്നു. ലക്ഷദ്വീപിന്റെ മനോഹാരിതയും ശാന്തതയും ആസ്വദിക്കുന്ന മോദിയുടെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ലക്ഷദ്വീപിന്റെ ടൂറിസ്റ്റ് സാധ്യതകളെ കുറിച്ചാണ് ചർച്ച നടക്കുന്നത്. ഇതിനിടെ വിവാദ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മാലദ്വീപ് മന്ത്രി അബ്ദുള്ള മഹ്സൂം മജീദ്. തങ്ങളുടെ റിസോർട്ട് അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ബീച്ച് ടൂറിസത്തിൽ ഇന്ത്യ കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്നായിരുന്നു മാലദ്വീപ് മന്ത്രിയുടെ പോസ്റ്റ്. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്താണ് മന്ത്രി പോസ്റ്റിട്ടിരിക്കുന്നത്. ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് എല്ലാ വിജയവും ആശംസിച്ചെങ്കിലും മാലദ്വീപിനെ ഇങ്ങനെ വ്യക്തമായി ലക്ഷ്യമിടുന്നത് നയതന്ത്രപരമല്ലെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലദ്വീപിന് പകരമായി ലക്ഷദ്വീപിനെ സോഷ്യൽ മീഡിയയിൽ പലരും ഉയർത്തിക്കാട്ടിയിരുന്നു. ഇതായിരിക്കും മന്ത്രിയെ ഇത്തരമൊരു പരാമർശം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
അതേസമയം, ലക്ഷദ്വീപിനെ ഉയർത്തിക്കാട്ടി അമിത് ഷായും രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിന് ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള വലിയ സാധ്യതകളുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് നന്ദി, ഇത് തീർച്ചയായും വിനോദസഞ്ചാരത്തെയും സമ്പദ് വ്വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും അതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുമെന്ന് അദ്ദേഹം എക്‌സ് മാദ്ധ്യമത്തിൽ കുറിച്ചു.

