സഞ്ചരിക്കുന്ന ദൂരത്തെ മാത്രം അടിസ്ഥാനമാക്കി ടോൾ പിരിവ്; ആദ്യത്തെ ജിപിഎസ് ടോൾ ഈ റോഡിൽ….

ന്യൂഡൽഹി: രാജ്യത്ത് ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സഞ്ചരിക്കുന്ന ദൂരത്തെ മാത്രം അടിസ്ഥാനമാക്കി വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. മൈസൂർ-ബാംഗ്ലൂർ എക്സ്പ്രസ് വേയിൽ ആയിരിക്കും ഈ സംവിധാനം ആദ്യം എത്തുന്നത്. ഡൽഹി-ജയ്പൂർ ദേശീയ പാത 48-ൽ ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള നടപടികളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നാണ് വിവരം.

ടോൾ പേയ്മെന്റുകളിൽ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നത്. ജിപിഎസ് ടോൾ സംവിധാനത്തിന്റെ ട്രയൽ റണ്ണുകൾ രാജ്യത്തെ റോഡുകളിൽ നടത്തുന്നുണ്ട്. ഈ വർഷം മാർച്ചിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചിരുന്നു.

നിലവിൽ, രാജ്യത്തുടനീളമുള്ള ഹൈവേകളിൽ സ്ഥാപിച്ചിട്ടുള്ള ഫിസിക്കൽ ടോൾ പ്ലാസകൾ ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയിലൂടെയാണ് ടോൾ പിരിവ് നടക്കുന്നത്. പുതിയ ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ പിരിവ് സംവിധാനം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്‌കാൻ ചെയ്ത് ടോൾ ഫീ ഈടാക്കും. ഒരു വാഹനം സഞ്ചരിക്കുമ്പോൾ ഈ സംവിധാനം ക്യാമറകൾ വഴി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കും. സഞ്ചരിച്ച ദൂരത്തിന്റെ അടിസ്ഥാനത്തിൽ ടോൾ ഫീസ് ഈടാക്കുന്ന അക്കൗണ്ടുകളുമായി നമ്പർ പ്ലേറ്റുകൾ ലിങ്ക് ചെയ്യും.