അഭിമാന നേട്ടം; ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്തെത്തി, നാഴികക്കല്ല് സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: അഭിമാന നേട്ടവുമായി ഇന്ത്യ. രാജ്യത്തെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്തെത്തി. ആദിത്യ എൽ വൺ വിജയകരമായി ഹാലോ ഓർബിറ്റിൽ പ്രവേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചുവെന്നും ശാസ്ത്രജ്ഞരുടെ അർപ്പണ ബോധത്തിന്റെ വിജയമാണ് ഇതെന്നും നരേന്ദ്ര മോദി അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച്ച വൈകിട്ട് നാലു മണിയ്ക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ സൂര്യന്റെ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിച്ച്ത്. ബംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിങ് ആൻഡ് ടെലിമെട്രി നെറ്റ്‌വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ വൺ വിക്ഷേപിച്ചത്. 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് പേടകം ലക്ഷ്യസ്ഥാനത്തെത്തുന്നത്. ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ഏഴ് പേ ലോഡുകളാണ്. ഇതിൽ ഒന്നാമത്തേത് സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC ആണ്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിർമ്മിച്ചത്. പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് അഥവാ SUIT ആണ് രണ്ടാമത്തെ ഉപകരണം. സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS തുടങ്ങിയവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.