രാജ്യത്തെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തുകയാണ് ലക്ഷ്യം; വി എൻ വാസവൻ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം തുറമുഖത്തെ ഉയർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി എൻ വാസവൻ. അതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുറമുഖ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്തശേഷം ആദ്യമായാണ് അദ്ദേഹം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിച്ചത്.

വിഴിഞ്ഞം തുറമുഖത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. നാടിന്റെ വികസനത്തിനൊപ്പം ജനങ്ങളുടെ കരുതലും സാധ്യമാക്കുന്ന സർക്കാരാണിത്, എല്ലാവരെയും ഒപ്പംചേർത്തുള്ള വികസനമാണ് സർക്കാർ നടപ്പിലാക്കുക. ഏവരുടെയും പിൻതുണയോടെ കേരളത്തിൻറെ സ്വപ്നം എത്രയും വേഗം പൂർണ്ണതയിൽ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.

വിഴിഞ്ഞം സീ പോർട്ടിന്റെ പദ്ധതി പ്രദേശം മുഴുവനും സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. ബർത്തിന്റെയും ബ്രേക്ക് വാട്ടറിന്റെയും പണി അവസാനഘട്ടത്തിലാണ്. അത് വേഗത്തിൽ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ കൈക്കൊള്ളും. ക്രെയിൻ വഹിച്ചുകൊണ്ടുള്ള നാല് കപ്പലുകളാണ് ഇതുവരെ ഇവിടെ വന്നിട്ടുള്ളത്. 15 ക്രെയിനുകൾ എത്തിച്ചേർന്നിട്ടുണ്ട്. ഇനി 17 ക്രെയിനുകൾ കൂടി വരാനുണ്ട് അവ ഏപ്രിനുള്ളിൽ എത്തിച്ചേരും. അതോടെ വിഴിഞ്ഞം തുറമുഖം പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തമാസം വിഴിഞ്ഞത്തെ പുലിമൂട്ട് നിർമ്മാണം പൂർണതോതിൽ തീർക്കും. അദാനിക്കുള്ള വിജിഎഫ് ഉടൻ കൊടുക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പുനരധിവാസ പാക്കേജ് അതേ പോലെ നടപ്പാക്കില്ല. എന്നാൽ മത്സ്യത്തൊഴിലാളികൾക്കുള്ള സഹായം തുടരുമെന്നും ലത്തീൻ സഭയുമായി തർക്കത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.