തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായി സംസ്ഥാനത്ത് സർക്കാർ സ്ഥാപിച്ച എഐ ക്യാമറയുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. കോടികളുടെ കുടിശ്ശികയാണ് എഐ ക്യാമറയുടെ കരാർ കമ്പനിയായ കെൽട്രോണിന് സംസ്ഥാന സർക്കാർ നൽകാനുള്ളത്. നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും ഒരു മാസമായി കെൽട്രോൺ തപാൽമാർഗം നോട്ടീസ് അയക്കുന്നില്ല.
കോടികൾ മുതൽ മുടക്കിയാണ് സർക്കാർ എഐ ക്യാമറ സ്ഥാപിച്ചത്. ക്യാമറയുടെ പ്രവർത്തനം നിരീക്ഷിക്കുന്ന കൺട്രോൾ റൂമുകൾക്കും പൂട്ടുവീഴുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കരാർ പ്രകാരം വൈദ്യുതി കുടിശ്ശികയുൾപ്പെടെ നൽകേണ്ടത് കമ്പനിയാണ്. എന്നാൽ, സർക്കാർ പണം കൊടുക്കാത്തതിനാൽ കമ്പനിക്ക് അതിനു കഴിയുന്നില്ല. പണം കിട്ടാത്തതിനാൽ കെഎസ്ഇബി കൺട്രോൾ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്. കെഎസ്ഇബി ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാൻ കഴിഞ്ഞിട്ടില്ല. കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിലച്ചാൽ കേരളത്തിലെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണമായും ഇല്ലാതാകുമെന്നാണ് കരുതപ്പെടുന്നത്.
എഐ ക്യാമറ നിയമലംഘനം കണ്ടെത്തിയാൽ വാഹനമുടമയ്ക്ക് ഫോണിൽ ഉടൻ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാൽ, ഫോൺ നമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഇങ്ങനെ ലഭിക്കൂ. അല്ലാത്തവർക്ക് ഫോണിൽ അറിയിപ്പ് ലഭിക്കില്ല. തപാൽമാർഗം നോട്ടീസ് ലഭിച്ചാൽ മാത്രമെ ഇവർ നിയമലംഘനത്തെ കുറിച്ച് അറിയൂ. കുറച്ചു ജില്ലകളിൽ മാത്രമാണ് ഇപ്പോൾ നോട്ടീസ് അയക്കുന്നത്. ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാൽ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല.
11.79 കോടി രൂപയാണ് ആദ്യ ഗഡുവായി സർക്കാർ കെൽട്രോണിനു നൽകേണ്ടിയിരുന്നത്. ഇത് ഇതുവരെ സർക്കാർ നൽകിയിട്ടില്ല. ക്യാമറകൾ സ്ഥാപിച്ചതിന്റെ പണം ഇനിയും ലഭിച്ചില്ലെങ്കിൽ കൺട്രോൾ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കെൽട്രോൺ.

