പത്താം തീയതിക്ക് ശേഷം ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് അനുവദിക്കില്ല; ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണൾ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ജനുവരി 10-ാം തീയതി മുതൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ ജനുവരി 10 മുതൽ സന്നിധാനത്ത് എത്താൻ കഴിയൂ.

മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരാൻ കഴിയുകയുള്ളൂ. 14, 15 എന്നീ തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി.

ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂബുക്കിങ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വ ബോർഡ് അധികൃതർ വിശദീകരിച്ചു. മാളികപ്പുറങ്ങളും കുട്ടികളും 14, 15 തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ദേവസ്വം ബോർഡ് കൂട്ടിച്ചേർത്തു.