ഗുവാഹത്തി: മണിപ്പൂരിൽ വീണ്ടും സംഘർഷം. പുതുവത്സര ദിനത്തിൽ മണിപ്പൂരിലുണ്ടായ അക്രമത്തിൽ നാല് പേർ വെടിയേറ്റു മരിച്ചു. തൗബാൽ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
അജ്ഞാതരായ ഒരു സംഘം ആളുകൾ കൊള്ളയടിക്കാനാണ് എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. വെടിവയ്പിനു പിന്നാലെ നാട്ടുകാർ അക്രമികളെത്തിയ വാഹനം തീയിട്ടു നശിപ്പിച്ചു. അതേസമയം, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് സുരക്ഷയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി എൻ ബിരേൻ സിങ് കഴിഞ്ഞ ദിവസം മന്ത്രിമാരുടെയും എംഎൽഎമാരുടെയും അടിയന്തര യോഗം വിളിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ പിടിക്കാൻ നാട്ടുകാർ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിയമത്തിന് വിധേയമായി നീതി നടപ്പാക്കൻ സർക്കാർ എല്ലാ അധികാരങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

