വർക്കല: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശ്രീ നാരായണധർമ്മ സംഘം ട്രസ്റ്റ് അധ്യക്ഷൻ സച്ചിദാനന്ദ സ്വാമികൾ. പിണറായി വിജയൻ ശിവഗിരിയുടെ സ്വന്തം മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ പൂജാരിമാരായി ഈഴവ വിഭാഗത്തെയും ഈ സർക്കാർ പ്രവേശിപ്പിച്ചു. ഇത് രണ്ടാം വിപ്ലവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല, ഗുരുവായൂർ പോലെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഇന്നും മേൽശാന്തിക്കാർ ബ്രാഹ്മണർ മാത്രമാണ്. അത് രാജ്യത്തിന് ഭൂഷണമല്ല. സവർണ വരേണ്യ വർഗത്തിന്റെ ഈ കുത്തക മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനാവശ്യമായ പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണം. നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും സച്ചിദാനന്ദ സ്വാമികൾ അറിയിച്ചു.

