മുംബൈ: രാജ്യത്തിന്റെ പ്രതിരോധ ശക്തിക്ക് കരുത്തുപകരാൻ വേണ്ടി കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ. ജിയോ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്.
സൈനികരുടെ നീക്കം വീക്ഷിക്കുന്നതിനും ആയിരക്കണക്കിന് കിലോമീറ്റർ പ്രദേശം ചിത്രീകരിക്കുന്നതിനുമായി വിവിധ ഭ്രമണ പഥങ്ങളിൽ ഉപഗ്രഹങ്ങളുടെ ഒരു പാളി നിർമ്മിക്കാനും ഇസ്രോ ലക്ഷ്യമിടുന്നുവെന്ന് ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. മുംബൈ ഐഐടിയിൽ വച്ച് നടന്ന ടെക്ഫെസ്റ്റിനിടെ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ശക്തമായ രാജ്യമായി ഇന്ത്യ മാറുന്നതിന് രാജ്യത്തിന്റെ നിലവിലെ ഉപഗ്രഹ ശ്യംഖല മതിയാകില്ല. നിലവിലുള്ളതിന്റെ പത്തിരട്ടി വലുപ്പം അതിന് ആവശ്യമാണ്. മാറ്റങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഉപഗ്രഹങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തുക, ഡാറ്റകൾ വിശകലനം ചെയ്യുന്നതിനും ഡാറ്റകൾ ഡൗൺലോഡ് ചെയ്യുന്നതും കൂടാതെ ആവശ്യമുള്ളത് സംരക്ഷിച്ചുനിർത്താനും എഐ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

