യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്; കേസെടുത്ത് പോലീസ്, ഒന്നാം പ്രതി വി ഡി സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ കേസെടുത്ത് പോലീസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുകൾ എഫ്‌ഐആറിലുണ്ട്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളാണ്.

കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. കന്റോൺമെന്റ് എസ്‌ഐ ഉൾപ്പടെ എട്ട് പൊലീസുകാർക്കും നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

22 പേരെ അക്രമസംഭവങ്ങളുടെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഡിസിസി ഓഫീസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞു.