ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ശുഭാപ്തി വിശ്വാസം; സ്പീക്കർ

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരണവുമായി സ്പീക്കർ എൻ എംസീർ. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ശുഭാപ്തി വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് തന്നെ പ്രശ്നം തീർപ്പാക്കാൻ പറ്റും. ഗവർണർക്കും പ്രശ്നങ്ങൾ തീർക്കാൻ പറ്റും. ഈയൊരു സാഹചര്യം ഇനിയുണ്ടാവില്ല, പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാർഥികളും ഗവർണർ പദവിയിൽ ഇരിക്കുന്ന ആളും തമ്മിൽ തെരുവ് യുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളം. ക്ഷമ കാണിച്ചവരേ എല്ലാകാര്യത്തിലും വിജയിച്ചിട്ടുള്ളൂ. അത് എല്ലാവരും കാണിക്കണം. അങ്ങനെയൊരു ഏറ്റുമുട്ടലിലേക്ക് പോകുന്നത് ഗുണകരമല്ല എന്ന അഭിപ്രായമാണ് തനിക്കുള്ളത്. ഇത് ജനാധിപത്യരാജ്യമാണ്, പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വിദ്യാർഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉള്ളപ്പോൾ തന്നെ ഉന്നതസ്ഥാനത്തിരിക്കുന്നവർ പാലിക്കേണ്ട ചില ഔചിത്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എംഎൽഎ എന്ന നിലയ്ക്ക് പ്രതികരിക്കുന്നതുപോലെ തനിക്ക് സ്പീക്കറായാൽ പ്രതികരിക്കാൻ കഴിയില്ല. ഗവർണർ പരിണതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണ്. ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്ന ഒരാളാണ്. തെരുവ് യുദ്ധത്തിലേക്ക് പോകുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.