സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർക്കാൻ ഗവർണ‍ര്‍ ബോധപൂർവ്വമായ ശ്രമം നടത്തുന്നുവെന്ന് എകെ ബാലൻ

സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർക്കാൻ ഗവർണ‍ര്‍ ബോധപൂർവ്വമായ ശ്രമം നടത്തുന്നുവെന്ന് എകെ ബാലൻ. ആരിഫ് മുഹമ്മദ് ഖാൻ മുൻ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം. എന്ത് അസുഖമാണ് ഗവർണർക്ക്? 600 പൊലീസുകാരെ മുന്നിൽ നിര്‍ത്തിയാണ് ഗവര്‍ണര്‍ എസ്എഫ്ഐയെ വെല്ലുവിളിക്കുന്നത്.

ശാരീരികമായി എസ്എഫ്ഐ ഗവർണറെ ഒന്നും ചെയ്യില്ല. ഇതിന്റെ പേരിൽ ഗവർണർക്ക് ഏർപ്പെടുത്തിയ പൊലീസ് സുരക്ഷ സർക്കാർ പിൻവലിക്കണമെന്നും ഗവർണറുടെ സുരക്ഷ വേണമെങ്കിൽ എസ്എഫ്ഐ ഏർപ്പെടുത്തുമെന്നും എകെ ബാലൻ പറഞ്ഞു.

എസ്എഫ്ഐ ആരുടേയും ഔദാര്യത്തിലല്ല വളർന്നതെന്ന് എകെ ബാലൻ പറഞ്ഞു. മുൻപ് എസ്എഫ്ഐ ഇഎംഎസിനും നായനാർക്കും വിഎസിനും എതിരായി പോലും പ്രതിഷേധിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സംഘടനയുടെ വാലാട്ടി പ്രസ്ഥാനമല്ല എസ്എഫ്ഐ. എസ്എഫ്ഐ ബാനർ എവിടെ കെട്ടണമെന്ന് കരുതിയാലും കെട്ടുക തന്നെ ചെയ്യും. ഗവർണർക്ക് കണ്ണൂരിന്റെ ചരിത്രത്തെ പറ്റി എന്തറിയാം? ചരിത്രം പഠിച്ച് വരണം.

ഗവര്‍ണറുടെ ബോധപൂര്‍വമായ ശ്രമം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. ഇന്ന് ചേര്‍ന്ന അവൈലബിൾ യോഗത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങൾ സംബന്ധിച്ച് വിലയിരുത്തിയത്.