സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണം; ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒമ്പത് സർവ്വകലാശാലകളുടെ പ്രവർത്തനം വിസിമാരെ നിയമിക്കാത്തതിനാൽ കുത്തഴിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഡോ: മേരി ജോർജാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ധനതത്വ ശാസ്ത്ര അദ്ധ്യാപികയായിരുന്നു ഇവർ.

കേസ് ഹൈക്കോടതി പരിഗണിക്കുക പൊതു താത്പര്യഹർജിയായാണ്. സ്ഥിരം വിസിമാരില്ലാത്തത് കേരള, എംജി, കുസാറ്റ്, കണ്ണൂർ, കെടിയു, മലയാളം, അഗ്രിക്കൾച്ചർ, ഫിഷറീസ്, നിയമ സർവകലാശാലകളിലാണ്. കേരളയിലും കെടിയുവിലും വിസിമാരെ നിയമിക്കുവാനുള്ള നടപടികൾ ആരംഭിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ഇതുവരെയും മേൽ നടപടികൾ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

സർവ്വകലാശാല പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ തയ്യാറാകാത്തതാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ വൈകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവൻ നിരവധി തവണ സർവ്വകലാശാലകൾക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.