പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളും; കെ സുധാകരൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ആക്രമണം നടന്നതെന്ന് മന്ത്രി പറഞ്ഞു. ഇനിയും നോക്കി ഇരിക്കില്ല, പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇങ്ങനെ ഒരു യാത്ര നടത്താൻ അനുവദിക്കില്ല. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ മുഖ്യമന്ത്രിയുടെ ഗൺമാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരൻ ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. കേരള കോൺഗ്രസിനെയും സഹ പ്രവർത്തകരെയും പിണറായി അപമാനിക്കുന്നു. ശൈലജ ടീച്ചറെ പോലും അപമാനിക്കുന്നുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസിന് എത് നിമിഷവും യുഡിഎഫിലേക്ക് മടങ്ങി വരാം. യുഡിഎഫിൽ അവർക്ക് തെറ്റ് പറ്റിയാലും അവരോട് ക്ഷമ പറയാനുള്ള മര്യാദ കാണിച്ചിട്ടുണ്ട്. അപമാനം സഹിച്ചു തുടരണോ എന്ന് അവർ തീരുമാനിക്കണം. ശബരിമലയിൽ ഇതുവരെയുള്ള സർക്കാരുകൾ ചെയ്തത് ഒന്നും ഈ സർക്കാർ ചെയ്തില്ല. ഇപ്പോഴും പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടില്ല. മുഖ്യമന്ത്രിയെ യാത്രയിൽ അനുഗമിക്കുന്നത് ഗുണ്ടകളാണ്. തെണ്ടികളും തെമ്മാടികളുമാണ്. ശബരിമല സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.