ന്യൂഡൽഹി: വാഹനം തടയാൻ എസ്എഫ്‌ഐ പ്രവർത്തകർ എത്തിയാൽ ഇനിയും പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാലയിൽ എത്തുമ്പോൾ ഗസ്റ്റ് ഹൗസിലല്ല, ക്യാംപസിൽ താമസിക്കുമെന്നും ഗവർണർ പറഞ്ഞു.
ദൃശ്യങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. എസ്എഫ്‌ഐ പ്രവർത്തകർ വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. സുരക്ഷയെ കുറിച്ച് താൻ കൂടുതലൊന്നും പറയുന്നില്ല. അതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുമില്ല. താൻ എന്ത് ചെയ്യണം എന്ന് ഉദ്യോഗസ്ഥർക്ക് നിർബന്ധിക്കാനാകില്ല. മുഖ്യമന്ത്രിയുടെ കാർ ആയിരുന്നെങ്കിൽ അതിനടുത്തേക്ക് പോകാൻ അവർ ആരെയെങ്കിലും അനുവദിക്കുമായിരുന്നോയെന്ന് അദ്ദേഹം ചോദിക്കുന്നു.
തിരുവനന്തപുരത്ത് മാത്രമല്ല, നേരത്തേ കണ്ണൂരിലും എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പ്രതിഷേധിക്കുമെങ്കിലും തടയാനില്ലെന്നാണ് ഇപ്പോൾ എസ്എഫ്ഐക്കാർ പറയുന്നത്. നേരത്തേ വാഹനം തടഞ്ഞതിലൂടെ വീഴ്ച ഉണ്ടായെന്ന് സമ്മതിക്കാൻ അവർ അതുവരെ തയ്യാറായിട്ടുണ്ടോ? എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ചും ആകുലതയില്ലെന്ന് ഗവർണർ വിശദമാക്കി.

