‘ക്യൂന്‍ എലിസബത്ത്’ റിലീസ് തീയതി പ്രഖ്യാപിച്ചു

മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്യൂൻ എലിസബത്ത്’ ഡിസംബർ 29 ന് തിയറ്ററുകളിലെത്തും. റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്നത്.ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അർജുൻ ടി സത്യനാണ്.

ചിത്രത്തിൽ വി കെ പ്രകാശ്, രണ്‍ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ശ്വേത മേനോൻ, രമേശ് പിഷാരടി, ജൂഡ് ആന്റണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ്), ശ്രുതി രജനികാന്ത്, പേളി മാണി, രഞ്ജി കാങ്കോൽ, ചിത്ര നായർ, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നരേനും മീരാ ജാസ്മിനും ‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ‘ക്യൂൻ എലിസബത്തി’ലൂടെ തന്റെ ഉജ്ജ്വലമായ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് മീരാ ജാസ്മിൻ.