ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ശാല ആരംഭിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. തമിഴ്നാട്ടിലെ ഹൊസൂരിൽ 20 അസംബ്ലി ലൈനുകളോടുകൂടിയ വമ്പൻ ഫാക്ടറി നിർമ്മിക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നതെന്നാണ് വിവരം. ഒന്നരവർഷത്തിനകം ഉത്പാദനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ടാറ്റ ഗ്രൂപ്പോ ആപ്പിൾ കമ്പനിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്ത് ഉത്പാദനം ത്വരിതപ്പെടുത്താനുള്ള ആപ്പിളിന്റെ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. ചൈനയ്ക്കുപുറമേ ഇന്ത്യ, തായ്ലാൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉല്പാദന കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്. വർഷം അഞ്ചുകോടി ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
അടുത്തിടെ കർണാടകത്തിലെ വിസ്ട്രോണിന്റെ ആപ്പിൾ നിർമാണ യൂണിറ്റ് ടാറ്റ ഏറ്റെടുത്തിരുന്നു. ഇതിൽ 10,000 പേരാണ് ജോലിചെയ്യുന്നത്. ആപ്പിൾ ഉല്പന്നങ്ങൾ വിൽക്കുന്ന 100 റീട്ടെയിൽ കേന്ദ്രങ്ങൾ ആരംഭിക്കാനും ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു.

