കൊച്ചി: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ആക്ഷേപിച്ച്, സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം പ്രതിപക്ഷ നേതാവ് നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സതീശനോട് ഒന്നു മാത്രമേ പറയുവാനുള്ളു. സർക്കാർ കാലാവധി പൂർത്തീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ തുടർഭരണം കേരളത്തിലുണ്ടാകും. അപ്പോൾ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ സതീശൻ ആയിരിക്കില്ല. കോൺഗ്രസ് വേറെയാളെ തിരഞ്ഞെടുത്തുകൊള്ളും. 2016 ലെ തിരഞ്ഞെടുപ്പിൽ ചെസ്റ്റ് നമ്പർ 1 വന്നു, രമേശ് ചെന്നിത്തല. 2021 ലെ തിരഞ്ഞെടുപ്പിൽ ചെസ്റ്റ് നമ്പർ 2 വന്നു, വി ഡി സതീശൻ. 2026 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭരണം മൂന്നാം തവണയും ഉണ്ടാകുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചെസ്റ്റ് നമ്പർ മൂന്നിനെ കോൺഗ്രസ് പാർട്ടിക്ക് തിരഞ്ഞെടുക്കേണ്ടി വരുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

