രാജ്യസഭയിൽ വഖഫ് നിയമം അസാധുവാക്കാനുള്ള നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബിൽ അവതരിപ്പിച്ചു

രാജ്യസഭയിൽ 1995ലെ വഖഫ് നിയമം അസാധുവാക്കാനുള്ള നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബിൽ അവതരിപ്പിച്ചു. ബിൽ അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ്. ബിൽ ബിജെപി എംപി ഹർനാഥ് സിംഗ് യാദവാണ് അവതരിപ്പിച്ചത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബില്ലിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ബില്ലിന്റെ അവതരണത്തെ പിന്താങ്ങി വോട്ട് ചെയ്തത് 53 പേരാണ്.

അവതരണത്തിന് എതിരെ 32 പേർ വോട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് ഹർനാഥ് സിംഗ് യാദവ് ബിൽ അവതരിപ്പിക്കുകയായിരുന്നു. വഖഫ് നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ്. കേന്ദ്ര വഖഫ് കൗൺസിലും വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകളും ഈ നിയമത്തിൻ കീഴിലാണ് പ്രവർത്തിക്കുന്നത്. അതേസമയം, കേരളാ വഖഫ് ബോർഡിന് കീഴിലുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം ഏറെ വിവാദമായിരുന്നു.

കനത്ത പ്രതിഷേധവുമായി മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ മുസ്ലീം സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിക്കുകയും, സർക്കാർ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.