കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖര്‍ജി കരുതിയിരുന്നില്ല; വെളിപ്പെടുത്തലുമായി മകൾ

ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശേഷിയെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ചോദ്യം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രണബിന്റെ മകൾ ശർമിഷ്ട മുഖർജി. പുതിയ പുസ്തകത്തിലാണ് ശർമിഷ്ട ഇതുസംബന്ധിച്ച വെളിപ്പെടുത്തിയത്. പ്രണബ് മൈ ഫാദർ എന്ന പുസ്തകത്തിലാണ് അച്ഛന്റെ വിമർശനങ്ങൾ ശർമിഷ്ട കുറിച്ചിട്ടത്.

പ്രണബ് മുഖർജി ഒരു ദിവസം രാവിലെ മുഗൾ ഗാർഡൻസ്( അമൃത് ഉദ്യാൻ) പ്രഭാത സവാരി നടത്തുകയായിരുന്നു. അപ്പോഴാണ് രാഹുൽ ഗാന്ധി കാണാൻ വന്നത്. തന്റെ പ്രഭാത നടത്തത്തിനും, പൂജയ്ക്കും ഇടയിൽ ആരും ശല്യപ്പെടുത്തുന്നത് പ്രണബിന് ഇഷ്ടമായിരുന്നില്ല. എങ്കിലും, അദ്ദേഹം രാഹുലിനെ കാണാൻ തീരുമാനിച്ചു.

അന്നു വൈകുന്നേരമായിരുന്നു ശരിക്കും രാഹുൽ പ്രണബിനെ കാണേണ്ടിയിരുന്നത്. പക്ഷേ രാഹുലിന്റെ ഓഫീസ് അദ്ദേഹത്തെ തെറ്റായ സമയമാണ് ധരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഒരു എഡിസികളിൽ നിന്നാണ് ഈ വിവരം താൻ അറിഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് അച്ഛനോട് താൻ ചോദിച്ചപ്പോൾ, മറുപടി ഇങ്ങനെയായിരുന്നു. രാഹുലിന്റെ ഓഫീസിന് രാവിലെയും വൈകിട്ടും വേർതിരിച്ച് അറിയാൻ കഴിയില്ലെങ്കിൽ, ഒരുനാൾ എങ്ങനെയാണ് അവർ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുകയെന്നും ശർമിഷ്ട മുഖർജി പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.