തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് കൈവരിച്ച ചരിത്രപരമായ നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അത്യപൂർവ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. കൈപറമ്പ് സ്വദേശിയായ 41 കാരിയുടെ തലച്ചോറിലെ മുഴ ഓർമ്മ നശിക്കാതെ Awake craniotomy പ്രകാരം പൂർണമായി നീക്കം ചെയ്തു. രോഗിയുടെ സംസാരം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തെ മുഴയായതിനാൽ ഓപ്പറേഷൻ ചെയ്ത ശേഷം സംസാരം നഷ്ടപെടാനുള്ള സാധ്യത വളരെയായിരുന്നു. അത് മറികടക്കാൻ വേണ്ടിയാണ് അനസ്തീസിയ നൽകാതെ രോഗിയെ സംസാരിപ്പിച്ചു കൊണ്ട് ഓപ്പറേഷൻ നടത്തിയത്. സ്വകാര്യ മേഖലയിൽ 5 ലക്ഷത്തോളം ചെലവ് വരുന്ന ഓപ്പറേഷനാണ് സൗജന്യമായി ചെയ്തുകൊടുത്തതെന്ന് മന്ത്രി അറിയിച്ചു.
ഓപ്പറേഷന് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. ഡോ. സുനിൽ കുമാറിന്റെ നേതൃത്തിലുള്ള ന്യൂറോസർജറി വിഭാഗവും, ഡോ. ബാബുരാജിന്റെ നേതൃത്തിലുള്ള അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിന്ദു, ഡോ. സുനിൽകുമാർ, ഡോ. നിഹിത എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും വീണാ ജോർജ് വിശദമാക്കി.

