നിജ്ജാർ വധക്കേസ്; ഇന്ത്യയുടെ ഭാഗത്തു നിന്ന് സഹകരണം ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് സഹകരണം ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യ ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്ന് ട്രൂഡോ വ്യക്തമാക്കി.

ഖലിസ്ഥാൻ വിഘടനവാദിയും ഇന്ത്യ തിരയുന്ന ഭീകരനുമായ ഗുർപത്വന്ത് സിങ് പന്നൂനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ ഇന്ത്യക്കാരന്റെ പേരിൽ കഴിഞ്ഞദിവസം യുഎസിലെ ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. തങ്ങൾ തുടക്കംമുതൽ പറയുന്ന കാര്യങ്ങൾക്ക് അടിവരയിടുന്നതാണ് അമേരിക്കയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ. ഇന്ത്യ ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്നാണ് കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞദിവസം യുഎസ് ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഖാലിസ്ഥാൻ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയുടെ പേരിലാണ്. പന്നൂനെ വധിക്കാൻ വാടകക്കൊലയാളിക്ക് ഒരു ലക്ഷം യുഎസ് ഡോളർ (83 ലക്ഷം രൂപ) നൽകാമെന്ന് ഗുപ്ത വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. പത്ത് വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൊലപാതക ശ്രമം, ഗൂഢോലോചന എന്നീ കുറ്റങ്ങളാണ് നിഖിലിന്റെ പേരിൽ ചുമത്തിയിരുന്നത്. കഴിഞ്ഞ ജൂൺ 30-ന് ചെക്ക് റിപ്പബ്ലിക്കിൽ വെച്ചാണ് ഇയാളെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്.