മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്തതിന് അംഗൻവാടി ജീവനക്കാരോട് വിശദീകരണം തേടിയതായി പരാതി. മലപ്പുറത്താണ് സംഭവം. മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരോടാണ് ഐസിഡിഎസ് സൂപ്പർവൈസർ വിശദീകരണം തേടിയത്.
ഇന്നലെ വൈകിട്ട് നാല് മണിക്കായിരുന്നു പൊന്മള പഞ്ചായത്തിൽ നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ സംഘടിപ്പിച്ചത്. ജാഥയിൽ നിർബന്ധമായും പങ്കെടുക്കണമെന്നായിരുന്നു അംഗൻവാടി ജീവനക്കാർക്ക് നേരത്തെ നൽകിയിരുന്ന നിർദ്ദേശം.
ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേയ്ക്ക് പോയവർ വ്യക്തമായ കാരണം എഴുതി നൽകണമെന്നാണ് സൂപ്പർവൈസർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സന്ദേശം ലഭിച്ചത് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ്.

