നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഭാവിയിൽ മനുഷ്യരുടെ ജോലി ഭാരം കുറയ്ക്കാൻ സാധിക്കും; ബിൽ ഗേറ്റ്‌സ്

വാഷിംഗ്ടൺ: ആഴ്ചയിൽ വെറും മൂന്ന് ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഭാവിയിൽ മനുഷ്യരുടെ ജോലി ഭാരം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെവർ നോഹയുടെ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ ക്രിയാത്മകമായ ജോലികൾ ചെയ്യാൻ കഴിയുമെങ്കിൽ അത് നല്ലതാണ്. ഇതിലൂടെ മനുഷ്യന്റെ ജോലി ഭാരം കുറയുന്നു. ഒരാളുടെ ജീവിതലക്ഷ്യം ജോലി ചെയ്യുക എന്നത് മാത്രമല്ല. അതിനാൽ തന്നെ ആഴ്ചയിൽ മൂന്നോ അതിൽ കുറച്ചോ ദിവസം ഒരാൾ ജോലി ചെയ്താൽ മതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇങ്ങനെയൊരു സമൂഹത്തെ വാർത്തെടുക്കാൻ നിർമ്മിത ബുദ്ധി സഹായിക്കുമെങ്കിൽ അത് വളരെ നല്ലതാണ്. കഠിനമായ മനുഷ്യാധ്വാനത്തിന്റെ ആവശ്യകത കുറച്ചുകൊണ്ട് ഭൂരിഭാഗം ജോലികളും യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ഭാവി കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പണ്ടുകാലത്ത് കൃഷി മാത്രമാണ് യഥാർത്ഥ ജോലിയെന്ന് കരുതിയിരുന്ന മുത്തച്ഛനിൽ നിന്ന് പല തരത്തിലുള്ള ജോലികൾ ചെയ്യുന്ന പിതാവിലേയ്ക്കുള്ള പരിണാമം നമ്മൾ കണ്ടതല്ലേ. പരമ്പരാഗത വീക്ഷണങ്ങളിൽ നിന്ന് 98 ശതമാനം ജനങ്ങളും മാറിയിട്ടുണ്ട്. ഇന്ന് വെറും രണ്ട് ശതമാനം അമേരിക്കക്കാർ മാത്രമാണ് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. വേഗത്തിൽ മുന്നോട്ട് പോകുന്ന സാങ്കേതിക രംഗത്ത് പുതിയ സംഭാവനകൾ ചെയ്യുന്നവരെ സർക്കാർ പിന്തുണച്ചാൽ അത് ഒരു നല്ല കാര്യമായിരിക്കുമെന്നും ബിൽ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.

പരിവർത്തനത്തിനായി പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നവരെ സഹായിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും പ്രധാനമാണ്. സാങ്കേതിക വിദ്യകളുടെ പുരോഗമനം മനുഷ്യന് എത്രത്തോളം സഹായകരമാണെന്ന് നിങ്ങൾക്കറിയാം. ഇത് പ്രായമായവർക്കും വളരെയധികം ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.