മാതാവ് അൻജും ആറയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി

ലോകകപ്പിന് പിന്നാലെ മാതാവ് അൻജും ആറയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി. ഇൻസ്റ്റാഗ്രാമിൽ മാതാവിന്റെ ചിത്രമുൾപ്പടെ പങ്കുവച്ചാണ് കുറിപ്പ്. ഇന്ത്യ-ആസ്‌ട്രേലിയ ലോകകപ്പ് ദിവസം അൻജും രോഗബാധിതയായിരുന്നു. പനിക്കു പിന്നാലെ മോഹാലസ്യം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ.. എത്രയും പെട്ടെന്ന് നിങ്ങൾക്ക് അസുഖം ഭേദമാകുമെന്നാണ് പ്രതീക്ഷ’-മാതാവിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ഷമി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കുറിച്ചു. അൻജുമിന്റെ ആരോഗ്യനില നിലവിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നാണു വിവരം.

അതേസമയം മുൻ പാക് ക്രിക്കറ്റർ ഹസൻ റാസയുടെ ആരോപണത്തിനെതിരെ ഷമി രംഗത്തെത്തിയിരുന്നു. ”ആദ്യത്തെ കുറച്ചു മത്സരങ്ങിൽ ഞാൻ ബെഞ്ചിലായിരുന്നു. ടീമിൽ തിരിച്ചെത്തിയപ്പോൾ അഞ്ചു വിക്കറ്റ് നേടി.എന്നാൽ, ചില പാകിസ്താൻ താരങ്ങൾക്ക് എന്റെ വിജയം ദഹിക്കുന്നില്ല.’ഇങ്ങനെയായിരുന്നു ഷമിയുടെ പ്രതികരണം. 24 വിക്കറ്റുമായി 2023ലെ ലോകകപ്പിൽ ഗോൾഡൻ ബാൾ സ്വന്തമാക്കിയത് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയായിരുന്നു. ആദ്യത്തെ നാലു മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്ന താരം തിരിച്ചുവരവിൽ എല്ലാവരെയും ഞെട്ടിച്ചു. ഇന്ത്യയുടെ അപരാജിതമായ വിജയക്കുതിപ്പിൽ നിർണായക പങ്കും വഹിച്ചു.