ഗവർണർ മടക്കിയ 10 ബില്ലുകൾ ഏകകണ്ഠമായി പാസാക്കി തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ പോര് കനക്കുന്നു. ഗവർണർ മടക്കിയ പത്ത് ബില്ലുകൾ ഏകകണ്ഠമായി തമിഴ്നാട് നിയമസഭ പാസാക്കി. കാരണങ്ങൾ വ്യക്തമാക്കാതെ ഗവർണർ ആർ എൻ രവി മടക്കിയ ബില്ലുകൾ പുനരവതരിപ്പിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രമേയം കൊണ്ടുവന്നിരുന്നു. തുടർന്നാണ് ബില്ലുകൾ നിയമസഭ പാസാക്കിയത്.

ബില്ലുകളെ എഐഎഡിഎംകെയും ബിജെപിയും അനുകൂലിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക്, ചാൻസലർമാരായി സ്ഥാനക്കയറ്റം നൽകുകയും അതിലൂടെ ഗവർണറുടെ അധികാരത്തിൽ തടയിടുകയുമാണ് ഈ ബില്ലുകളിലൂടെ സ്റ്റാലിൻ ലക്ഷ്യമിടുന്നത്. ബില്ലുകൾ മടക്കിയ ഗവർണറുടെ നടപടിക്കെതിരെ സ്റ്റാലിൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണെന്ന് സ്റ്റാലിൻ വിമർശിച്ചിരുന്നു. ബില്ലുകൾ സഭ വീണ്ടും പാസാക്കി അയക്കുന്ന പക്ഷം ഗവർണർക്ക് അവയിൽ അനുമതി നിഷേധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.