മറിയക്കുട്ടിയെ കാണാനെത്തി സുരേഷ് ഗോപി; 1600 രൂപ വീതം എല്ലാ മാസവും നൽകുമെന്ന് പ്രഖ്യാപനം

അടിമാലി: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനാൽ ഭിക്ഷ യാചിക്കാൻ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയ വയോധികരായ മറിയക്കുട്ടി ചാക്കോയെയും അന്ന ഔസേപ്പിനെയും കാണാനെത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. അടിമാലിയിലെത്തിയാണ് സുരേഷ് ഗോപി ഇരുവരെയും കണ്ടത്.

ഇന്നലെ രാവിലെ 8.45നു മറിയക്കുട്ടിയുടെ വീട്ടിലെത്തിയ സുരേഷ് ഗോപി 15 മിനിറ്റ് അവിടെ ചെലവഴിച്ചു. സർക്കാരിനെ രൂക്ഷമായി വിമർശിച്ച മറിയക്കുട്ടി പെൻഷൻ ലഭിക്കാത്തതിലുള്ള തന്റെ പ്രതിഷേധവും സുരേഷ് ഗോപിയോടു പങ്കുവച്ചു. തന്റെ എംപി പെൻഷനിൽ നിന്ന് ഇരുവർക്കും 1600 രൂപ വീതം എല്ലാ മാസവും നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം, വ്യാജവാർത്ത നൽകി അപമാനിച്ച സിപിഎം മുഖപത്രത്തിനെതിരെ കേസ് ഫയൽ ചെയ്യാൻ മറിയക്കുട്ടി കഴിഞ്ഞ ദിവസം വക്കാലത്ത് ഒപ്പിട്ടു നൽകി. അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് മറിയക്കുട്ടി കേസ് ഫയൽ ചെയ്യുക. അഡ്വ. പ്രതീഷ് പ്രഭയാണു മറിയക്കുട്ടിക്കു വേണ്ടി കേസ് ഫയൽ ചെയ്യുന്നത്.