പാലക്കാട്: നവകേരള സദസ് ചരിത്രമാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ഭരണയന്ത്രം എങ്ങനെയാണ് ചലിക്കാൻ പോകുന്നതെന്നതിന്റെ ഉദാഹരണമാണ് നവകേരള സദസ്സെന്ന് അദ്ദേഹം പറഞ്ഞു.
പര്യടനത്തിനായി ഉപയോഗിക്കുന്ന വാഹനം ടെണ്ടർ വച്ച് വിൽക്കാൻ നിന്നാൽ ഇപ്പോൾ വാങ്ങുന്നതിന്റെ ഇരട്ടി വില ലഭിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത വാഹനം എന്ന നിലയിൽ മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷക്കണക്കിനു പേർ കാണാൻ വരും. ചലിക്കുന്ന കാബിനെറ്റ് എന്നത് ഒരുപക്ഷേ, ലോകചരിത്രത്തിൽ ആദ്യമായിരിക്കും. ഇതിനെ തകർക്കാനാണ് ആഢംബര ബസ് എന്ന പ്രചാരണം നടത്തുന്നത്. ഇനിയെങ്കിലും ഈ പ്രചാരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷം ഇതിൽ നിന്ന് മാറി നിൽക്കേണ്ട ഗതികേടിലാണ്. ഇപ്പോൾ മൂന്ന് പ്രതിപക്ഷ നേതാക്കളാണ് കേരളത്തിലുള്ളത്. ഉച്ചവരെ വി ഡി സതീശൻ, ഉച്ചയ്ക്കു ശേഷം രമേശ് ചെന്നിത്തല, രാത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിങ്ങനെയാണെന്ന് എ കെ ബാലൻ കൂട്ടിച്ചേർത്തു.

