ലോകകപ്പിലെ മികച്ച പ്രകടനം; മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയം നിർമ്മിക്കാൻ ഭരണകൂടം

ലക്‌നൗ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയം നിർമ്മിക്കാൻ ജില്ലാ ഭരണകൂടം. ഉത്തർപ്രദേശിലെ അംറോഹ ജില്ലാ ഭരണകൂടമാണ് ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം യോഗി സർക്കാരിന് കൈമാറാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ലോകകപ്പിൽ ഷമി കാഴ്ച വച്ച മികച്ച പ്രകടനത്തിന് പിന്നാലെയാണ് മിനി സ്റ്റേഡിയം നിർമ്മിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

മിനി സ്റ്റേഡിയത്തിനൊപ്പം ജിംനേഷ്യവും തുറക്കാൻ പദ്ധതിയുണ്ട്. മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ ഒരു മിനി സ്റ്റേഡിയം നിർമ്മിക്കാൻ തങ്ങൾ ഒരു നിർദ്ദേശം അയച്ചിരുന്നു. ആ നിർദ്ദേശത്തിൽ ഒരു ഓപ്പൺ ജിംനേഷ്യവും ഉണ്ടാകും. തങ്ങൾക്ക് അവിടെ ആവശ്യത്തിന് ഭൂമിയുണ്ടെന്ന് അംറോഹ ജില്ലാ മജിസ്ട്രേറ്റ് രാജേഷ് ത്യാഗി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം 20 സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശം നൽകി. സ്റ്റേഡിയം നിർമ്മിക്കാൻ അംറോഹ ജില്ലയും സർക്കാർ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ജോയ ഡെവലപ്മെന്റ് ബ്ലോക്കിലെ ഷാമി ഗ്രാമം സിഇഒ അശ്വനി കുമാർ മിശ്രയും മറ്റ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തുകയും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു കഴിഞ്ഞു. ഷമിയുടെ കുടുംബം ഈ ഗ്രാമത്തിലാണ് താമസിക്കുന്നത്.