മുംബൈ: ചരിത്ര നേട്ടവുമായി വിരാട് കോലി. ഏകദിന സെഞ്ച്വറികളിൽ സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ച്വറി നേട്ടം കോലി മറികടന്നു. വാംഖഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കറെ സാക്ഷി നിർത്തിയായിരുന്നു വിരാട് കോലി ഈ നേട്ടം സ്വന്തമാക്കിയത്. 50-ാം സെഞ്ച്വറി നേട്ടത്തോടെ സച്ചിനെയും മറികടന്ന നിമിഷത്തിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഓൺസൈഡിലേക്ക് ബാറ്റ് വീശിയ ശേഷം രണ്ട് റൺസ് ഓടിയെടുത്താണ് കോലി സെഞ്ച്വറി പൂർത്തിയാക്കിയത്. റൺസ് പൂർത്തിയാക്കിയതോടെ അദ്ദേഹം ഉയർന്നു സച്ചിന് നേരെ അഭിവാദ്യം ചെയ്തു. ഹെൽമറ്റു ഊരി വികാരഭരിതനായി. പിന്നീട് വിരാട് കോലി തന്റെ ഭാര്യ അനുഷ്‌ക്കയ്ക്ക് നേരെ കൈകൾ ഉയർത്തി. കോലിക്ക് നേരെ ചുംബനമെറിഞ്ഞാണ് അനുഷ്‌ക ഈ നേട്ടം ആഘോഷിച്ചത്.
കോലിയുടെ ചരിത്ര നേട്ടത്തിന് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമും സാക്ഷിയായി. 113 പന്തിൽ 117 റൺസെടുത്താണ് കോലി പുറത്തായത്. 49 സെഞ്ച്വറികളിൽ സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറിയാത്ര അവസാനിച്ച് 11 വർഷത്തിന് ശേഷമാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഏകദിന കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായി വിരാട് മാറി.

