കോട്ടയം: കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് പി ജെ ജോസഫ്. സീറ്റ് സംബന്ധിച്ച് തർക്കങ്ങൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പി ജെ ജോസഫ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ജോസഫ് ഗ്രൂപ്പിന് കോട്ടയം സീറ്റ് കൊടുത്താൽ പിജെ ജോസഫോ, മോൻസ് ജോസഫോ തന്നെ മൽസരിക്കണമെന്ന ആവശ്യമാണ് കോട്ടയത്തെ കോൺഗ്രസ് നേതാക്കൾ കെപിസിസിയ്ക്ക് മുന്നിൽ ഉയർത്തിയത്. ഇവർ ഇരുവരും മൽസരിച്ചില്ലെങ്കിൽ കോട്ടയത്ത് ഒരു കോൺഗ്രസുകാരൻ തന്നെ മൽസരിക്കുന്നതാവും നല്ലതെന്ന നിർദേശവും ജില്ലയിലെ മുതിർന്ന നേതാക്കൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
എന്നാൽ, ഈ നീക്കത്തെ സീറ്റാഗ്രഹിക്കുന്ന ജില്ലയിലെ ചില കോൺഗ്രസ് നേതാക്കൾ ആശയക്കുഴപ്പം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമം മാത്രമായാണ് ജോസഫ് ഗ്രൂപ്പുകാർ വിലയിരുത്തുന്നത്. കോട്ടയം സീറ്റിന്റെ കാര്യത്തിൽ നേരത്തെ തന്നെ വി ഡി സതീശനും കെ സുധാകരനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുളള നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് കേരള കോൺഗ്രസുകാർ വ്യക്തമാക്കുന്നത്.

