മുസ്ലിം ലീഗുമായുള്ള ബന്ധം ദൃഢമാക്കാൻ കോൺഗ്രസ്; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

മലപ്പുറം: മുസ്ലിം ലീഗുമായുള്ള ബന്ധം ദൃഢമാക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ്. മുസ്സിംലീഗീനെ നോട്ടമിട്ട് സിപിഎം കരുനീക്കം ശക്തമാക്കിയതോടെയാണ് മുന്നണി ബന്ധം ദൃഢമാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കെട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.

മലപ്പുറം കോൺഗ്രസിലെ തർക്കവും പലസ്തീൻ വിവാദവും ചർച്ച ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് വൈകീട്ട് നാലു മണിക്ക് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പാണക്കാടെത്തും. മുസ്ലീലീഗുമായുള്ളയത് സഹോദര ബന്ധമാണെന്നും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി എസ്. ജോയിയും യോഗത്തിൽ പങ്കെടുത്തിരുന്നു.

നിരവധി പേർ മരിച്ചു വീഴുന്ന ഫലസ്തീൻ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് സതീശൻ വ്യക്തമാക്കുന്നത്. റാലി നടത്താൻ തീരുമാനിച്ച സിപിഎം പലസ്തീനെ കുറിച്ചല്ല ചർച്ച ചെയ്യുന്നത്. അതിന്റെ മറവിൽ മുസ്ലിം ലീഗ്, സമസ്ത, യുഡിഎഫ് എന്നിവയാണ് ചർച്ചാ വിഷയമാക്കുന്നത്. പലസ്തീന് ആര് ഐക്യദാർഢ്യം പ്രഖ്യാപിച്ചാലും കോൺഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷേ, സിപിഎം വിഷയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. സിപിഎമ്മിന് ഫലസ്തീനിനോടുള്ള ആത്മാർഥ ഐക്യദാർഢ്യമാണ് ഉള്ളതെങ്കിൽ എന്തിന് ലീഗിനെ മാത്രമായി ക്ഷണിക്കണം കോൺഗ്രസിനെയും യു.ഡി.എഫിലെ മുഴുവൻ കക്ഷികളെയും ക്ഷണിച്ചുകൂടായിരുന്നോയെന്ന് അദ്ദേഹം ചോദിക്കുന്നു.