ന്യൂഡൽഹി: കുറഞ്ഞ വിലയ്ക്കുള്ള ആട്ട പുറത്തിറക്കി കേന്ദ്രസർക്കാർ. ‘ഭാരത് ആട്ട’ എന്ന ബ്രാൻഡ് നാമത്തിലാണ് സർക്കാർ ആട്ട പുറത്തിറക്കിയത്. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ആട്ടയുടെ വിൽപ്പന ഉദ്ഘാടനം നിർവ്വഹിച്ചത്. ഡൽഹിയിലെ കർത്തവ്യപഥിൽ സഞ്ചരിക്കുന്ന നൂറ് ആട്ട വിൽപ്പനശാലകൾ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.
‘ഭാരത് ആട്ട’ വിതരണം ചെയ്യുന്നത് സബ്സിഡി ഗോതമ്പ് ഉപയോഗിച്ചാണ്. ഗോതമ്പിന്റെ ഉയർന്ന വിലയിൽ നിന്ന് ദീപാവലി സീസണിൽ ജനങ്ങൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ‘ഭാരത് ആട്ട’ പുറത്തിറക്കിയത്. പൊതുജനങ്ങൾക്ക് ആട്ട ലഭിക്കുക 27. 50 രൂപ എന്ന സബ്സിഡി നിരക്കിലാണ്. വിപണിയിൽ 70 രൂപ വരെയാണ് ആട്ടയുടെ വിലയെന്നതിനാൽ ഇത് ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരത് ആട്ടയുടെ വിൽപ്പന നടക്കുക നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയുടെ 800 സഞ്ചരിക്കുന്ന വിൽപ്പനശാലകൾ വഴിയും രാജ്യമെമ്പാടുമുള്ള 2,000 ചില്ലറ വിൽപ്പനശാലകൾ വഴിയുമാണ്. ഭാരത് ആട്ടയ്ക്കായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) നിന്ന് രണ്ടര ലക്ഷം ടൺ ഗോതമ്പ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നാഫേഡിനും ഓരോ ലക്ഷം ടൺ വീതവും കേന്ദ്രീയ ഭണ്ഡാറിന് 50,000 ടണ്ണുമാണ് നൽകുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.