ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇക്കാര്യം അറിയിച്ചത്. 400-ന് മുകളിലാണ് ഡൽഹിനഗരത്തിന്റെ വിവിധയിടങ്ങളിൽ വായുഗുണനിലവാര സൂചിക. വാസിർപുരിൽ 482 ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഹിണി(478), ബാവന(478), ജഹാംഗീർപുരി(475) തുടങ്ങിയ സ്ഥലങ്ങളിലും മലിനീകരണം രൂക്ഷമാണ്.
അതേസമയം, വായുമലിനീകരണത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് തിങ്കളാഴ്ച അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ഓഫീസുകളുൾപ്പടെ അവധിയായതിനാലും വാഹനങ്ങളുടെ തിരക്ക് കുറഞ്ഞതും വായുഗുണനിലവാരത്തോത് അൽപം മെച്ചപ്പെട്ട നിലയിലാക്കിയിട്ടുണ്ട്. എന്നാൽ, ഇത് ആശ്വസിക്കാനുള്ള വകയായിട്ടില്ല.
മലിനീകരണം തടയാനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം. പ്രൈമറി സ്‌കൂളുകൾ നവംബർ 10 വരെ അടച്ചിടമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ആറു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്താം. തീരുമാനം സ്‌കൂളുകൾക്ക് എടുക്കാം. നഗരത്തിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. അതേസമയം, സർക്കാർ ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും 50 ശതമാനം ജീവനക്കാർ വർക്ക് ഫ്രം ഹോമിൽ പ്രവേശിക്കണമെന്നും സർക്കാർ ഉത്തരവിട്ടു.

