സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാർ പണം ധൂർത്തടിക്കുകയാണ്; ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളീയം പരിപാടിയെയും അദ്ദേഹം വിമർശിച്ചു. കോടതിയിൽ പോയി സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറയുകയും ഇപ്പുറത്ത് വൻ ആഘോഷം നടത്തുകയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രതിസന്ധിയിലായ പാവപ്പെട്ടവർക്ക് പെൻഷൻ പോലും നൽകാനില്ലാത്തപ്പോൾ സർക്കാർ പണം ധൂർത്തടിക്കുകയാണ്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി സ്വിമ്മിങ് പൂൾ വരെ നിർമിക്കുന്നു. വലിയ പരിപാടിയാണു കേരളത്തിൽ നടക്കുന്നത്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.

ബില്ലുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പോയിട്ടുണ്ടെങ്കിൽ തനിക്ക് നോട്ടീസ് വരും. അതിനുശേഷം മറുപടി നൽകും. സുപ്രീം കോടതിയോട് അങ്ങേയറ്റം ബഹുമാനമുണ്ട്. അതിനാൽ സുപ്രീം കോടതിയിൽ നിന്നു വരുന്ന നോട്ടിസ് പുറത്തുവിടില്ല. ഭരണഘടനാപരമായ സംശയങ്ങൾ തീർക്കാൻ സുപ്രീംകോടതിയൽ പോകുന്നതു നല്ലതാണ്. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ബില്ലുകൾ സർക്കാർ പാസാക്കിയത് ഭരണഘടനാപരമായ കീഴ്വഴക്കങ്ങൾ പാലിക്കാതെയാണ്. ഇതുസംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മന്ത്രിമാർക്കു കഴിയുന്നില്ല. വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. വൈസ് ചാൻസലർ നിയമനത്തിന് ഭരണഘടനാപരമായ നിബന്ധനകളുണ്ട്. ലെജിസ്ലേറ്റിന്റെ ഭാഗമാണ് ഗവർണർ. സംസ്ഥാന സർക്കാർ നിബന്ധനകളെല്ലാം ലംഘിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.