തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് സംയുക്ത സമിതി ഭാരവാഹികൾ വ്യക്തമാക്കിയിട്ടുള്ളത്. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ആരോപിച്ചാണ് സംസ്ഥാനത്ത് ബസുടമകൾ സമരം നടത്തുന്നത്.
അതേസമയം, മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനൽകിയിട്ടുണ്ട്. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ടുവെയ്ക്കുന്ന മറ്റൊരു ആവശ്യം. 2022 മേയ് മാസം നടപ്പിലാക്കിയ യാത്രാനിരക്ക് വർധനവിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി നേരത്തെ അറിയിച്ചത്.

