കൊച്ചി: കളമശ്ശേരിയിൽ സ്‌ഫോടനം. കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. സ്‌ഫോടനത്തിൽ ഒരാൾ മരണപ്പെട്ടു. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. പ്രാർത്ഥനയ്ക്കിടെ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
സ്റ്റേജിനോട് ചേർന്ന് തുടർച്ചയായി പൊട്ടിത്തെറി ഉണ്ടായിയെന്നും ഇവർ വ്യക്തമാക്കി. സ്‌ഫോടന സമയത്ത് രണ്ടായിരത്ത് അഞ്ഞൂറോളം ആളുകൾ ഹാളിലുണ്ടായിരുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവർ കൺവെൻഷൻ സെന്ററിലെത്തിയിരുന്നു. സ്‌ഫോടനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

