തിരുവനന്തപുരം: ഒക്ടോബർ 29 ലോക പക്ഷാഘാത (സ്‌ട്രോക്ക്) ദിനമാണ്. ‘നമ്മുക്കൊന്നിച്ചു നീങ്ങാം സ്‌ട്രോക്കിനെക്കാളും ഉയരങ്ങളിൽ’ (Together we are Greater Than Stroke) എന്നതാണ് ഈ വർഷത്തെ പക്ഷാഘാത ദിന സന്ദേശം. പക്ഷാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങളായ രക്താതിമർദ്ദം, പുകവലി, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതി, എന്നിവയെ നിയന്ത്രിക്കുന്നതിലൂടെ 90% പക്ഷാഘാതവും ഒഴിവാക്കാം എന്നതാണ് ഈ വർഷത്തെ സന്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്.
സ്‌ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണം തന്നെയും ഉണ്ടാകും. അതിനാൽ സ്‌ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്.

