തിരുവനന്തപുരം: ജെഡിഎസ് കേന്ദ്രനേതൃത്വത്തിനെതിരെ വിമർശനവുമായി ജോസ് തെറ്റയിൽ. ബിജെപിയെ പിന്തുണയ്ക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ജെഡിഎസ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ താൻ തയാറാണെന്ന് ജോസ് തെറ്റയിൽ പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജെഡിഎസ് കേരള ഘടകത്തിന് ഒറ്റ നിലപാടെ ഉള്ളൂ. ദേശീയ നേതൃത്വം ബിജെപിക്കൊപ്പം എങ്കിൽ ആ നിലപാടിനൊപ്പം നിൽക്കില്ല. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ച് വരികയാണ്. പദവി അല്ല തനിക്ക് നിലപാട് ആണ് വലുതെന്നും അദ്ദേഹം അറിയിച്ചു.
എച്ച് ഡി ദേവഗൗഡ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണ് ബിജെപി പിന്തുണയെന്ന് ജോസ് തെറ്റയിൽ പറഞ്ഞു. ഈ തീരുമാനത്തിന് സംസ്ഥാന ഘടകങ്ങളുടെ അനുവാദമോ അവരുടെ അറിവോ പോലും നേടിയില്ല. സോഷ്യലിസ്റ്റ് മനസുള്ള ജനാധിപത്യ വിശ്വാസമുള്ള മറ്റ് കക്ഷികളുമായി ഏത് വിധത്തിൽ ചേരാൻ സാധിക്കുമെന്നും അതിന്റെ സാങ്കേതികത്വം എന്താണെന്നും തങ്ങൾ ആലോചിക്കുമെന്നും ജോസ് തെറ്റയിൽ കൂട്ടിച്ചേർത്തു.

