ഹൈദരാബാദ്: തെലങ്കാനയിൽ പ്രകടന പത്രിക പുറത്തിറക്കി ബി.ആർ.എസ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. വലിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ലൈഫ് ഇൻഷ്വറൻസ് പരിരക്ഷ, തെലങ്കാന അന്നപൂർണ പദ്ധതിക്ക് കീഴിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെ സൂപ്പർഫൈൻ അരി വിതരണം, സൗഭാഗ്യ ലക്ഷ്മി പദ്ധതിക്ക് കീഴിൽ വരുന്ന അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിലുണ്ട്.
പ്രായമായവർക്കും അവിവാഹിതരായ സ്ത്രീകൾക്കും നിലവിൽ ലഭിക്കുന്ന 2013 രൂപയിൽ നിന്ന് 5000 രൂപയിലേക്ക് ഘട്ടംഘട്ടമായി വർദ്ധിപ്പിക്കും,. ഭിന്നശേഷിക്കാരുടേത് 3016ൽ നിന്ന് 6000 രൂപയാക്കി ഉയർത്തും. ബിപിഎൽ കുടുംബങ്ങൾക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ 400 രൂപയ്ക്ക് ലഭിക്കും. അംഗീകൃത പത്രപ്രവർത്തകർക്കും ഇതേ ആനുകൂല്യം ലഭിക്കുന്നതാണെന്ന് പ്രകടന പത്രികയിൽ പറയുന്നു.
സാധാരണക്കാർക്ക് വീടുകൾ അനുവദിക്കുന്ന പദ്ധതികൾ തുടരും സംവരേണതര വിഭാഗക്കാർക്കായി 119 നിയോജക മണ്ഡലങ്ങളിലും ഓരോ റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിക്കും. സർക്കാർ അനുവദിച്ച ഭൂമിയിൽ കഴിയുന്നവർക്ക് ഭൂമിയുടെ മേൽ സമ്പൂർണ അവകാശം നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

