സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഹോളിവുഡ് താരം മൈക്കൽ ഡഗ്ലസിന്

ന്യൂഡൽഹി: ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി പ്രശസ്ത ഹോളിവുഡ് താരം മൈക്കൽ ഡഗ്ലസിനെ ആദരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. മേളയുടെ 54-ാമത് എഡിഷനിൽ ഭാര്യ കാതറിൻ സീറ്റ ജോൺസിനും മകൻ ഡിലനുമൊപ്പം നടനും പങ്കെടുക്കുമെന്ന് സമൂഹമാധ്യമം ആയ എക്‌സിലെ പോസ്റ്റിലൂടെ താക്കൂർ വാർത്ത പങ്കിട്ടു. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രോത്സവം. “ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിന് 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോവയിലെ പ്രശസ്തമായ സത്യജിത് റേ എക്‌സലൻസ് ഇൻ ഫിലിം ലൈഫ് ടൈം അവാർഡ് നൽകുമെന്ന് അറിയിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്,” എന്ന് താക്കൂർ എക്‌സിൽ പങ്കുവെച്ചു.