തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം എന്ന പതിറ്റാണ്ടുകളായുള്ള മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പൽ പുറം കടലിലെത്തി. ഒക്ടോബർ 15നാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ചൈനീസ് കപ്പലായ ഷെൻ ഹുവാ-15 ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത് ഒക്ടോബർ ആറിനാണ്. ആഗസ്റ്റ് 31ന് ഷാങ്ഹായ് തുറമുഖത്ത് നിന്ന് യാത്ര തുടങ്ങിയ കപ്പൽ, 29നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത്. മുന്ദ്രയിലേക്കുള്ള ക്രെയ്നുകൾ ഇറക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായതോടെയാണ് കപ്പൽ വിഴിഞ്ഞത്തേക്കുള്ള യാത്ര തുടങ്ങിയത്.
ഷെൻഹുവാ -15 എത്തുന്നത് ചൈനയിൽ നിന്നും ക്രെയിനുകളുമായാണ്. ഈ ചരക്ക് കപ്പലടക്കമുള്ളവയെ ബെർത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ടഗ്ഗുകളും ദിവസങ്ങൾക്ക് മുമ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തെയാണ് കപ്പൽ എത്തിയത്.
ഭാവി കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന ശിരോലിഖിതം മാറ്റി വരക്കുമെന്നത് നിശ്ചയമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. സമുദ്രാധിഷ്ടിത ചരക്കു നീക്കത്തിൽ ഇന്ത്യ വിഴിഞ്ഞത്തിലൂടെ സവിശേഷമായ സ്ഥാനം കൈവരിക്കും. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകൾക്കും സർവ്വീസ് നടത്തുവാൻ സാധ്യമാകുന്ന കടലിന്റെ സ്വാഭാവിക ആഴവും അന്താരാഷ്ട്ര കപ്പൽ ചാലിന്റെ സാമീപ്യവും ഈ പദ്ധതിയുടെ സവിശേഷ ഘടകമാണ്. പ്രതിവർഷം 10 ലക്ഷം കണ്ടയ്നർ ട്രാൻഷിപ്പ്മെന്റാണ് വിഴിഞ്ഞത്തിലൂടെ സാധ്യമാകുന്നത്. 5,000ത്തിൽ പരം തൊഴിലവസരങ്ങൾ വിഴിഞ്ഞം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

