ന്യൂഡൽഹി: ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പാലസ്തീന് പിന്തുണ അറിയിച്ച് കോൺഗ്രസ്. പ്രവർത്തക സമിതിയിൽ കോൺഗ്രസ് പാലസ്തീൻ അനുകൂല പ്രമേയം പാസാക്കി. പാലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്ന പ്രമേയമാണ് പാസാക്കിയതെന്ന് കോൺഗ്രസ് അറിയിച്ചു.
ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം സംവാദത്തിലൂടെയും ചർച്ചകളിലുടെയും പരിഹരിക്കണമെന്നാണ് കോൺഗ്രസ് പാർട്ടി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പാലസ്തീനിലെ ഗാസ മുനമ്പിൽ ഹമാസും ഇസ്രയേൽ സേനയും നടത്തുന്ന ഏറ്റുമുട്ടലുകൾ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ പൗരന്മാരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്. നിരവധി ജീവനുകൾ ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകൾ ഇനിയും തുടരുന്നത് നിരപരാധികളുടെ ജീവൻ കൂടുതൽ നഷ്ടപ്പെടുന്നതിന് മാത്രമേ ഇടയാക്കുകയുള്ളൂവെന്നും സിപിഎം കൂട്ടിച്ചേർത്തു.

