കൊച്ചി: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ്പു കേസിലെ പ്രതി ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരുഖ് സെയ്ഫി (27) ഒറ്റയാൻ ഭീകരനെന്ന് എൻഐഎ. കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യഥാർഥ ഭീകരപ്രവർത്തനമാണ് ഷാരുഖ് നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), ഇന്ത്യൻ ശിക്ഷാനിയമം, റെയിൽവേ നിയമം, പൊതു മുതൽ സംരക്ഷണ നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണ് പ്രതിക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.
ദേശവിരുദ്ധ സ്വഭാവമുള്ള സമൂഹമാധ്യമ കൂട്ടായ്മകളിലൂടെ പാക്കിസ്ഥാനി പ്രചാരകരുടെ അടക്കം സ്വാധീനത്തിലായ പ്രതി ഇന്ത്യയിലെ സാധാരണ ജനങ്ങളിൽ ഭീതിയും പരസ്പര സ്പർധയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. 2023 ഏപ്രിൽ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആലപ്പുഴ കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിനെ ഡി1 കോച്ചിനു കോഴിക്കോട് എലത്തൂരിൽ വച്ചു ഷാരുഖ് സെയ്ഫി പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മൂന്ന് പേർ അപകടത്തിൽ മരിച്ചു. 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

